കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം ജൂലൈ 23, 24 തീയതികളില്‍ കോഴിക്കോട്ട്; ഒരുക്കങ്ങള്‍ പൂർത്തിയായി

Jaihind Webdesk
Thursday, July 21, 2022

കോഴിക്കോട്: കോൺഗ്രസിന് പുതിയ ദിശാബോധവും സംഘടനാപ്രവർത്തനത്തിൽ ആവശ്യമായ മാറ്റവും ലക്ഷ്യമിട്ടുള്ള കെപിസിസിയുടെ നവസങ്കൽപ്പ് ചിന്തൻ ശിബിരം 23, 24 തീയതികളിൽ കോഴിക്കോട് നടക്കും. കോഴിക്കോട് കടപ്പുറത്തിന് അടുത്താണ് ചിന്തൻ ശിബിരം വേദി ഒരുങ്ങുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 191 പ്രതിനിധികള്‍ ശിബിരത്തിൽ പങ്കെടുക്കും. പന്തലിന്‍റെ കാൽനാട്ടുകർമ്മം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ദിശാബോധം നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

23ന് രാവിലെ 9.30ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  എംപി പതാക ഉയർത്തും. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ എംപി, താരീഖ് അൻവർ, മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ്‌ സിംഗ്, എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ അടക്കമുള്ള നേതാക്കളും പങ്കെടുക്കും. എം.പിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്‍റുമാർ, പോഷകസംഘടന സംസ്ഥാന പ്രസിഡന്‍റുമാർ, ദേശീയനേതാക്കൾ തുടങ്ങി 191 പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുക.

ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണർ ചെയർമാനും എം.ജെ ജോബ് കൺവീനറുമായ മിഷൻ 24, വി.കെ ശ്രീകണ്ഠൻ എംപി ചെയർമാനും എം.എ ഷുക്കൂർ കൺവീനറും ആയ പൊളിറ്റിക്കൽ കമ്മിറ്റി, ബെന്നി ബെഹന്നാൻ എം.പി ചെയർമാനും വി.പി പ്രതാപചന്ദ്രൻ ട്രഷററും ആയ ഇക്കണോമിക്കൽ കമ്മിറ്റി, എം.കെ രാഘവൻ എം.പി ചെയർമാനും അബ്ദുൽ മുത്തലിബ് കൺവീനറും ആയ ഓർഗനൈസേഷൻ കമ്മിറ്റി, കൊടിക്കുന്നിൽ സുരേഷ് എം.പി ചെയർമാനും ആര്യാടൻ ഷൗക്കത്ത് കൺവീനറുമായ ഔട്ട്റീച്ച് കമ്മിറ്റി എന്നിവയാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളുടെ ക്രോഡീകരണം നടത്തുക.