കാര്‍ഷികവിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം; ചിന്തന്‍ ശിവിറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമിതി

Jaihind Webdesk
Saturday, May 14, 2022

ഉദയ്പുര്‍: കാർഷികവിളകൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കാർഷികവിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി നവസങ്കൽപ്പ് ചിന്തൻ ശിവിറിൽ റിപ്പോർട്ട് സമർപ്പിച്ചു. കർഷകർക്കായി മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് സമിതി വിലയിരുത്തി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സമിതി അധ്യക്ഷനായ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ആവശ്യപ്പെട്ടു.

രാജ്യത്തെ കർഷകരോട് സൗഹാർദ്ദപരമായ സമീപനമല്ല മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് സമിതി വിലയിരുത്തി. കർഷകർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി. നിരവധി ആനുകൂല്യങ്ങളും നൽകി. ഛത്തീസ്ഗഢ് സർക്കാർ കർഷകർക്ക് വൈദ്യുതി സബ്‌സിഡി നൽകുന്നു.

അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ എന്താണ് കർഷകർക്ക് വേണ്ടി ചെയ്തത്. മോദി സർക്കാർ അധികാരത്തിലേറിയശേഷം കർഷകരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സമിതിയിൽ നിർദേശമുയർന്നു. കാർഷികവിളകൾക്ക് കുറഞ്ഞ താങ്ങുവില നടപ്പാക്കാൻ ഓർഡിനൻസോ നിയമോ കൊണ്ടുവരണമെന്ന് സമിതിയിൽ ആവശ്യമുയർന്നു. ശക്തിസിംഗ് ഗോഹിൽ, നാനാ പടോളി തുടങ്ങിയവരും ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.