ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിനോടൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ; നാളത്തെ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, May 7, 2025

സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അഖണ്ഡതയും ഐക്യവും മുന്നോട്ട് കൊണ്ടുപോകണം. ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിനോടൊപ്പം കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. സൈന്യത്തിന്റെ നടപടി ധീരവും നിര്‍ണായകവുമാണെന്നും തക്ക മറുപടി നല്‍കിയതിനും സൈന്യത്തിന്റെ ധീരതയെ അഭിവാദ്യം ചെയ്‌യുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയില്‍ അഭിമാനിക്കുന്നതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ സംവിധാന്‍ റാലി ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറിയിച്ചു.

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള സൈനിക പ്രതികരണം എന്ന നിലയില്‍ ‘ഓപ്പറേഷന്‍ സിന്ദൂരിന് ‘എല്ലാ ആശംസകളും നല്‍കുന്നതായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സായുധ സേന നടത്തിയ കൃത്യമായ ആക്രമണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശംസകളും അറിയിച്ചു. നാളെത്തെ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തെ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭിനന്ദിച്ചു. ശത്രുക്കളുടെ വെല്ലുവിളി നേരിടാന്‍ സൈന്യത്തിനാകട്ടെയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.