ന്യൂഡല്‍ഹി : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി നേതാക്കൾ ഡൽഹിയിലെത്തി. സംഘടന കാര്യചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ഡൽഹിയിൽ എത്തിയത്. 6 മണിക്ക് സ്ക്രീനിംഗ് കമ്മിറ്റി ഡൽഹിയിൽ ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേർന്ന ശേഷമായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിക്കുക.
കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നു ദിവസം നീണ്ട കേരളത്തിലെ ചർച്ചകൾക്ക് ശേഷമാണ് നേതാക്കൾ ഡൽഹിയിൽ എത്തിയത്. കേരളത്തിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കൊപ്പം സംസ്ഥാന നേതാക്കളും ഇരുന്നാണ് അന്തിമ പട്ടികയ്ക്ക് രൂപം നൽകുക. നാളെയും മറ്റന്നാളും ചർച്ച നടത്തി ബുധനാഴ്ച പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.
ഓരോ മണ്ഡലത്തിലും രണ്ടിലധികം പേരുകൾ പരിഗണനയിൽ ഉണ്ട്. ജില്ലാ കമ്മറ്റികൾ നിർദ്ദേശിച്ച പേരുകൾ
സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് നിലവിലെ പട്ടിക തയാറാക്കിയത്. 60% വരെ പുതുമുഖങ്ങൾക്കും വനിതകൾക്കും യുവാക്കൾക്കും അവസരം നൽകണമെന്നാണ് ഹൈക്കമാന്‍ഡ് നിർദേശം. വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥിത്വത്തിന് മാനദണ്ഡം. രണ്ട് തവണ തുടർച്ചയായി പരാജയപ്പെട്ടവരേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരേയും പരിഗണിക്കേണ്ടതില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.