സമരവീര്യത്തിന്‍റെ ഓർമ്മകൾ ജ്വലിപ്പിച്ച് കോൺഗ്രസ്; സ്മരണകളിരമ്പി വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷം

കോട്ടയം/ വൈക്കം: തൊട്ടുകൂടായ്മയുടെയും ജാതിചിന്തകളുടെയും വാലായ്മകളെ കായലാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ വൈക്കം സത്യഗ്രഹത്തിന്‍റെ പോരാട്ടവീര്യം തുളുമ്പുന്ന ഓർമകളെ തൊട്ടുണർത്തി ശതാബ്ദി ആഘോഷത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ആഘോഷപരിപാടികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസിന്‍റെ മുന്നോട്ടുള്ള പോരാട്ടത്തിന് വൈക്കം സത്യഗ്രഹത്തിന്‍റെ സ്മരണകൾ ഊർജം പകരുമെന്ന് സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര സർക്കാരിന്‍റെ പ്രതികാര നടപടികൾക്കെതിരായ വൻ പ്രതിഷേധവും യോഗത്തിൽ ഉയർന്നു. വൈക്കം സത്യഗ്രഹത്തിന്‍റെ പാരമ്പര്യം കോൺഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ ചൂണ്ടിക്കാട്ടി.

എല്ലാ മതവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്നതാണ് കോൺഗ്രസിന്‍റെ  പാരമ്പര്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു. നരേന്ദ്ര മോദിക്ക് മുന്നിൽ ഭയപ്പെടുന്നവരല്ല കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് അയിത്തത്തെ കുഴിച്ചു മൂടിയതു പോലെ വർഗീയതയെയും ഫാസിസത്തെയും അവസാനിപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ  പ്രഖ്യാപനം.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും വൈക്കം സത്യഗ്രഹത്തിന് നിർണായക സ്ഥാനമുണ്ടെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചൂണ്ടിക്കാട്ടി.

വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിന് സത്യഗ്രഹ സ്മരണകൾ ശക്തി നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ നേരിടാൻ സത്യഗ്രഹ സ്മരണകൾ ഊർജം പകരുകുന്ന് എം എം ഹസനും അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ സന്ദേശം രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ് യോഗത്തിൽ വായിച്ചു.

Comments (0)
Add Comment