സലിംകുമാറിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ; ചലച്ചിത്രമേള ബഹിഷ്കരിച്ച് കോൺഗ്രസ്

Jaihind News Bureau
Wednesday, February 17, 2021

കൊച്ചി : കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് ഹൈബി ഈഡൻ എം.പി അടക്കമുളള കോൺഗ്രസ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. ദേശീയ അവാർഡ് ജേതാവായ നടൻ സലിംകുമാറിനെ ചലചിത്ര മേളയിൽ നിന്നും മാറ്റി നിർത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. മന്ത്രി എ.കെ ബാലൻ ചലചിത്രമേള ഉദ്ഘാടനം ചെയ്തു.

ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറുണ്ടായിരുന്നില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിം കുമാര്‍ പറഞ്ഞു.

എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിം കുമാര്‍  പറഞ്ഞു