കോണ്‍ഗ്രസ് ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന് തുടക്കം; മല്ലികാർജുന്‍ ഖാർഗെ ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, December 18, 2023

 

ന്യൂഡല്‍ഹി: കോൺഗ്രസ് വാർഷിക ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഓൺലൈൻ ഫണ്ട് സമാഹരണത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർവഹിച്ചു. ദേശത്തിനായി ഉദാരമായി സംഭാവന നൽകുകയെന്നതാണ് ലക്ഷ്യം.  പോർട്ടലിലൂടെ ഇന്നുമുതൽ ഫണ്ടുകൾ നൽകാനാകും.

138 വർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ വാർഷിക ദിനത്തോടനുബന്ധിച്ചാണ് ഓൺലൈൻ ഫണ്ട് സമാഹരണം നടത്തുന്നത്. പദ്ധതിയിലൂടെ 18 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും ഓൺലൈൻ സംവിധാനത്തിലൂടെ 138 രൂപയോ അതിന്‍റെ ഗുണിതങ്ങളോ നൽകാം. രാജ്യത്തിന്‍റെ പുരോഗതിക്കാണ് ചെറിയ ചെറിയ സംഭാവനകളുടെ നാം ഭാഗഭാക്കാകുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഫണ്ട് നൽകിയവർക്ക് കോൺഗ്രസ് അധ്യക്ഷൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ലഭിക്കുന്ന തരത്തിലാണ് പോർട്ടൽ തയാറാക്കിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്ന് പ്രകാശനം ചെയ്തു. പോർട്ടലിലൂടെ ഇന്നുമുതൽ ഫണ്ടുകൾ നൽകാനാകും.