ഭാരത് ജോഡോ യാത്രയുടെ ജനപിന്തുണയില്‍ വിറളിപൂണ്ട് ബിജെപി; അമിത് ഷായ്ക്ക് പിന്നാലെ സ്മൃതി ഇറാനിയുടെ ആരോപണവും പൊളിച്ചടുക്കി കോണ്‍ഗ്രസ്

Jaihind Webdesk
Monday, September 12, 2022

 

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വമ്പിച്ച ജനസ്വീകാര്യതയില്‍ അസ്വസ്ഥരായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഹുല്‍ ഗാന്ധിയുടെ ടി ഷർട്ട് സംബന്ധിച്ച് ഉയർത്തിയ ആരോപണം പൊളിഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് അടുത്ത നാടകവുമായി രംഗത്തെത്തിയത്.

കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെയാണ് കോണ്‍ഗ്രസ് തെളിവ് സഹിതം പൊളിച്ചടുക്കിയത്. സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ പറയുന്ന വീഡിയോയ്ക്കൊപ്പം രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദന്‍റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി.

വിവേകാനന്ദനെ ആദരിക്കുന്നത് രാഹുൽ ഗാന്ധിക്ക് സ്വീകാര്യമല്ലെന്ന് സ്മൃതി ഇറാനി വീഡിയോയിൽ പറയുന്നു. കോണ്‍ഗ്രസ് നല്‍കിയ മറുപടി വീഡിയോയില്‍ കൂപ്പുകൈകളോടെ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. വിവേകാനന്ദന്‍റെ പ്രതിമയ്ക്ക് ചുറ്റും അദ്ദേഹം പ്രദക്ഷിണം വയ്ക്കുന്നതും വീഡിയോയിലുണ്ട്.

‘‘എന്തൊരു വിഡ്ഢിത്തമാണ് ചെയ്യുന്നത്. വിഡ്ഢികളായവരെ ദൈവം അനുഗ്രഹിക്കട്ടെ’’ എന്ന് വീഡിയോ പങ്കുവെച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര ട്വീറ്റ് ചെയ്തു. സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് നേതാവ് ജയ്റാം രമേശും രംഗത്തെത്തി. ബിജെപി നുണകൾ പ്രചരിപ്പിക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും കാര്യങ്ങൾ വ്യക്തതയോടെ കാണാൻ സ്മൃതി ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെന്നായിരുന്നു ജയ്റാം രമേശിന്‍റെ പരിഹാസം.

കോണ്‍ഗ്രസിന്‍റെ മറുപടി വീഡിയോ:

 

ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി വിദേശ നിർമ്മിത ടി ഷർട്ടാണ് ഉപയോഗിക്കുന്നതെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം. എന്നാല്‍ തിരുപ്പൂരിൽ നിർമിച്ച ടീ ഷർട്ടാണത് എന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അഴഗിരി വ്യക്തമാക്കി. കാൽനട യാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20,000 ടീ ഷർട്ടുകൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിൽ നാലെണ്ണം ഒഴികെയുള്ളവയിൽ നേതാക്കളുടെ ചിത്രം പതിപ്പിക്കുകയും ചെയ്തു. ചിത്രം പതിക്കാത്ത ടീ ഷർട്ടാണ് രാഹുൽ ധരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ ബാലിശമായ ആരോപണത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ അഭൂതപൂർവമായ ജനപിന്തുണ ബിജെപിയെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നതാണ് ഇത്തരം പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം ഒരു ആരോപണത്തിനും തളര്‍ത്താനാകാത്ത ശക്തിയോടെ, ബിജെപിയുടെ ഭിന്നിപ്പിക്കലിന്‍റെ രാഷ്ട്രീയത്തിനെതിരെ  ജനങ്ങളുടെ പൂർണ്ണപിന്തുണയുടെ ഐക്യഭാരതം എന്ന ലക്ഷ്യത്തിന്‍റെ സന്ദേശവാഹകനായി രാഹുല്‍ ഗാന്ധി തന്‍റെ യാത്ര തുടരുകയാണ്.