സിപിഎമ്മിന്‍റെ കടുത്ത ഭീഷണികളെ അവഗണിച്ച് മൊകേരിയില്‍ ശക്തമായ മത്സരവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Sunday, November 22, 2020

കണ്ണൂർ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമമായ പാനൂർ മൊകേരിയിൽ ഇത്തവണയും ശക്തമായ മത്സരമാണ് നടക്കുന്നത്. സിപിഎമ്മിന്‍റെ കടുത്ത എതിർപ്പിനെയും അവഗണിച്ച് കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ സി പി എം പ്രവർത്തകരുടെ അക്രമത്തിന് ഇരയായ ജഗദീപൻ ഇത്തവണവും കടുത്ത ഭീഷണികൾക്കിടയിലും പ്രചാരണ രംഗത്തുണ്ട്.

https://youtu.be/Jg4X4Aap7mk

കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രമായ മൊകേരിയിലെ ഒരു കോൺഗ്രസ് പ്രവർത്തകനാണ് ജഗദീപൻ. കോൺഗ്രസ് കാരനായത് കൊണ്ട് മാത്രം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മാസങ്ങൾക്ക് മുൻപെ ജഗദീപനെ സിപിഎമ്മുകാർ അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഒന്നും രണ്ടുമല്ല 83 പ്രാവശ്യമാണ് ജഗദീപന്‍റെ ശരീരത്തിൽ സിപിഎമ്മുകാർ വെട്ടിയത്. കോൺഗ്രസ് പ്രവർത്തകരെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിർത്താനായിരുന്നു സിപിഎം തന്ത്രം. എന്നിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജഗദീപൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. നേരിയ വോട്ടിനാണ് ജഗദീപൻ പരാജയപ്പെട്ടത്.

ഇത്തവണയും സി പി എം ഭീഷണികൾക്ക് നടുവിലാണ് യു ഡി എഫ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.ജഗദീപൻ മത്സരിച്ച പതിനാലാം വാർഡിൽ ജഗദീപന്‍റെ സഹോദരന്‍റെ ഭാര്യ പ്രജിലയാണ് മത്സരിക്കുന്നത്. അഞ്ച് വർഷം മുന്നെ നടന്ന അക്രമത്തിന്‍റെ പരുക്ക് പൂർണമായും ഭേദമാവാതെ ജഗദീപൻ തന്നെയാണ് പ്രചാരണത്തിന്‍റെ ചുക്കാൻ പിടിക്കുന്നത്

സി പി എം ഭീഷണികൾക്കിടയിലെ പാർട്ടി ഗ്രാമത്തിൽ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാനുള്ള പ്രചാരണമാണ് മൊകേരിയിലെ യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്. സി പി എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടതിന്‍റെ ആഘോഷം നടത്തുന്നവർ പാനൂർ മോകേരിയിലേക്ക് വന്ന് ഭീഷണികൾക്കിടയിലെ യുഡിഎഫിന്റെ പ്രവർത്തനം കാണണമെന്നാണ് മൊകേരിയിലെ യുഡിഎഫ് പ്രവർത്തകർ പറയുന്നത്.