കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി താല്‍ക്കാലികമായി പിന്‍വലിച്ചു; ജനാധിപത്യത്തെ തന്നെ മരവിപ്പിച്ചു, പ്രതികരണവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Friday, February 16, 2024

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി താല്‍ക്കാലികമായി പിന്‍വലിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി. ഡല്‍ഹി ഐടിഎടിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി  കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കനാണ് വാര്‍ത്താസമ്മേളത്തിലൂടെ അറിയിച്ചത്.

ആദായനികുതി വകുപ്പാണ് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തെ തന്നെ മരവിപ്പിച്ചുവെന്നായിരുന്നു അജയ് മാക്കന്‍ പ്രതികരിച്ചത്. അധികാരത്തിന്‍റെ ലഹരിയില്‍ മുങ്ങിപ്പോയ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെയുള്ള ആഴത്തിലുള്ള കടന്നാക്രമണമാണ് നടത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംഭവത്തെ പറ്റി  ട്വിറ്ററില്‍ കുറിച്ചു.

അതേസമയം മോദി ഭയപ്പെടേണ്ട കോണ്‍ഗ്രസ് എന്നത് പണത്തിന്‍റെ പേരല്ല ജനങ്ങളുടെ ശക്തിയുടെ പേരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഏകാധിപത്യത്തിന് കീഴില്‍ കോണ്‍ഗ്രസ് തലകുനിച്ചിട്ടില്ല കുനിക്കുകയും ഇല്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യവും മരവിപ്പിച്ചിരിക്കുന്നു എന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ഈ നടപടിയെ ഞങ്ങള്‍ എതിര്‍ക്കുമെന്നും വിജയം ഉറപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.