സഹായത്തിനായി രാഹുല്‍ ഗാന്ധിയെ വിളിച്ചു; ഭോപ്പാലില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബസൊരുക്കി കോണ്‍ഗ്രസ്

Jaihind News Bureau
Sunday, May 24, 2020

മധ്യപ്രദേശിലെ ഭോപ്പാലില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസുകള്‍ ഏർപ്പാടാക്കി കോണ്‍ഗ്രസ്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ലോക്ക്ഡൌണിനെ തുടർന്ന് ഭോപ്പാലില്‍ കുടുങ്ങിയത്. വയനാട് ജില്ല ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സഹായത്തിനായി രാഹുല്‍ ഗാന്ധിയെ വിളിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ  പ്രശ്നത്തില്‍ അദ്ദേഹം ഇടപെടുകയായിരുന്നുവെന്ന് മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് അറിയിച്ചു.

കൊവിഡ് ലോക്ക്ഡൌണില്‍ ഭോപ്പാലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ രാഹുല്‍ ഗാന്ധിയെ വിളിക്കുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തില്‍ ഇടപെട്ട രാഹുല്‍ ഗാന്ധി ഇവരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പാടാക്കാന്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ വിദ്യാര്‍ത്ഥികളെയും വഹിച്ചുകൊണ്ടുള്ള ബസ് പുറപ്പെട്ടതായി മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ സെല്‍ ചുമതലയുള്ള ജിതു പത്വാരി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ഭോപ്പാലില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മധ്യപ്രദേശിലെ തന്നെ മറ്റ് ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെയും അതാത് സ്ഥലങ്ങളില്‍ എത്തിക്കാനായി കോണ്‍ഗ്രസ് യാത്രാ സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും പത്വാരി അറിയിച്ചു.

teevandi enkile ennodu para