സ്കൂട്ടർ മാത്രമല്ല, യുപിയില്‍ 10 ലക്ഷം വരെ സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Monday, October 25, 2021

 

ലഖ്‌നൗ : യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം അറിയിച്ചത്. പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അനുമതിയോടെയാണ് പ്രഖ്യാപനമെന്നും പ്രിയങ്ക വ്യക്തമാക്കി.

‘കൊവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയ അവസ്ഥ എല്ലാവരും കണ്ടതാണ്. നിലവിലെ സര്‍ക്കാരിന്‍റെ അലംഭാവവും അവഗണനയും ആണ് ഇതിന് കാരണം. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് അസുഖത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും’ – പ്രിയങ്ക ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ ക്ഷേമത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ഉത്തർപ്രദേശില്‍ മുന്നോട്ടുവെക്കുന്നത്. യുപിയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഇലക്ട്രിക് സ്‌കൂട്ടറും അടക്കമുള്ള വാഗ്ദാനങ്ങളും പ്രിയങ്ക നേരത്തെ നല്‍കിയിരുന്നു. 12-ാം ക്ലാസ് പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും ബിരുദ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇ-സ്‌കൂട്ടറും നല്‍കുമെന്നായിരുന്നു പ്രിയങ്കയുടെ വാഗ്ദാനം.

നേരത്തെ ബരാബങ്കിയില്‍നിന്ന് പ്രതിജ്ഞാ യാത്രയ്ക്ക് തുടക്കം കുറിച്ച പ്രിയങ്ക ജനങ്ങള്‍ക്ക് ഏഴ് സുപ്രധാന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 20 ലക്ഷം യുവാക്കള്‍ക്കും തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, ക്വിന്‍റലിന് 2500 രൂപ നല്‍കി ഗോതമ്പും, 400 രൂപ നിരക്കില്‍ കരിമ്പും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും വ്യക്തമാക്കി.