കോൺഗ്രസുമായും സഖ്യം : അഖിലേഷ് യാദവ്

കോൺഗ്രസുമായും സഖ്യമുണ്ടെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിൽ ഉത്തർ പ്രദേശിൽ കോൺഗ്രസിൻറെ കരുത്ത് പ്രകടിപ്പിച്ച റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ പ്രതികരണം.

ബി.എസ്.പിയുമായി മാത്രമല്ല, കോൺഗ്രസുമായും സഖ്യമുണ്ടെന്ന് അഖിലേഷ് യാദവ് ഫിറോസാബാദിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലക്‌നൌവിനെ ഇളക്കിമറിച്ച കോൺഗ്രസ് റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തർപ്രദേശ് രാഷ്ട്രീയം മാറിമറിയുന്നതിന്‍റെ സൂചനകളാണ് ദൃശ്യമാകുന്നത്. തെരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശത്തോടെ യു.പി രാഷ്ട്രീയത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇതും സമാജ് വാദി പാർട്ടിയുടെ പുതിയ നിലപാടിന് കാരണമായി.

എസ്.പി-ബി.എസ്.പി സഖ്യത്തിൽ കോൺഗ്രസ് കൂടി ചേർന്നാൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും നേരിടേണ്ടിവരിക. പ്രതിപക്ഷ പാർട്ടികളെല്ലാം ഒറ്റക്കെട്ടായാൽ ബി.ജെ.പി തകർന്നടിയുമെന്ന് നേരത്തെ സർവേ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു.

rahul gandhiAkhilesh Yadav
Comments (0)
Add Comment