മിഷൻ 100 ലക്ഷ്യം; കേരളം പിടിക്കാൻ ‘യുവനിര’; തിരഞ്ഞെടുപ്പിന് നിരീക്ഷകരായി ദേശീയ താരനിര കേരളത്തിലേക്ക്

Jaihind News Bureau
Wednesday, January 7, 2026

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കേരളത്തിൽ എഐസിസി പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കെ.ജെ. ജോർജ് എന്നിവരടങ്ങുന്ന കരുത്തുറ്റ സംഘത്തെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. ദേശീയതലത്തിൽ ശ്രദ്ധേയരായ യുവനേതാക്കളെ അണിനിരത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ പുത്തൻ ആവേശം നിറയ്ക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഇവർക്ക് പുറമെ ഡി.കെ. ശിവകുമാറിനെ അസമിലും മുകുൾ വാസ്നിക്കിനെ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ എന്ന ലക്ഷ്യത്തോടെ വയനാട്ടിൽ ആരംഭിച്ച ‘ലക്ഷ്യ’ നേതൃക്യാമ്പ് പാർട്ടിക്ക് വലിയ ആവേശമാണ് നൽകുന്നത്. ക്യാമ്പ് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, നൂറ് സീറ്റുകളിലെ വിജയം മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ ഉണ്ടാകരുതെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയം നിയമസഭയിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിച്ചാലും ജനവികാരം കോൺഗ്രസിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിക്കുന്ന കർമ്മപദ്ധതി പ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായി തിരിക്കും. സ്ഥാനാർത്ഥി നിർണ്ണയം രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് ആലോചന. ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നേതാക്കളെ തെക്ക്, മധ്യ, വടക്കൻ മേഖലകളായി തിരിച്ച് ഗ്രൂപ്പ് ചർച്ചകളും ആരംഭിച്ചു.

തെക്കൻ മേഖലയിൽ പി.സി. വിഷ്ണുനാഥും, മധ്യ മേഖലയിൽ എ.പി. അനിൽകുമാറും, വടക്കൻ മേഖലയിൽ ഷാഫി പറമ്പിലുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ മുതലെടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കും മറുപടിയായി ഒറ്റക്കെട്ടായ പോരാട്ടത്തിനാണ് വയനാട് ക്യാമ്പ് തുടക്കമിട്ടിരിക്കുന്നത്. പിണറായി വിജയനേക്കാൾ ശക്തരായ പത്ത് നേതാക്കളെങ്കിലും കോൺഗ്രസിലുണ്ടെന്നും പാർട്ടി അവകാശപ്പെടുന്നു.