ഹിമാചല്‍ പ്രദേശിൽ കോൺഗ്രസ് മുന്നിൽ; 38 സീറ്റിൽ ലീഡ് ചെയ്യുന്നു

Jaihind Webdesk
Thursday, December 8, 2022

 

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം. 38 സീറ്റുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് പുലർത്തുമ്പോള്‍ ബിജെപിക്ക് 27 സീറ്റുകളിലാണ് ആധിപത്യമുള്ളത്. 68 അംഗ നിയമസഭയില്‍ 35 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

നവംബര്‍ 12 ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2017ല്‍ 75.6 ശതമാനം ആയിരുന്നു പോളിംഗ്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് ഹിമാചലിലുള്ളത്. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.

മുഖ്യമന്ത്രി ജയറാം ഠാക്കൂർ, കോൺഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്​വീന്ദര്‍ സിംഗ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്‍റെ മകന്‍ വികാരാദിത്യ സിംഗ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നീ പ്രമുഖരുൾപ്പെടെയാണ് ഇവിടെ ജനവിധി തേടിയത്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. ഏക വ്യക്തി നിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി എന്നിവയുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.