ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരുപോലെ അപകടം; ആര്‍എസ്എസിനെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, September 28, 2022

 

മലപ്പുറം: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരുപോലെ അപകടമെന്ന് കോണ്‍‌ഗ്രസ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ആർഎസ്എസും വെറുപ്പ് വളർത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും രാജ്യത്ത് നിരോധിച്ചതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേവല നിരോധനം കൊണ്ട് മാത്രം കാര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർഎസ്എസിനെയും നിരോധിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിരോധനം കൊണ്ട് മാത്രം കാര്യമില്ലെന്നും സിമിയുടെ നിരോധനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു നേതാക്കളുടെ പ്രതികരണം.