പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ്; പ്രകടന പത്രിക കൂട്ടത്തോടെ മോദിക്ക് അയച്ച് സ്ഥാനാർത്ഥികള്‍

Jaihind Webdesk
Tuesday, April 23, 2024

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപിച്ച കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. അതേസമയം  വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തിരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്‌ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗമാണ് വിവാദങ്ങള്‍ക്കിടയായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും തുടർന്ന് വാർത്താ സമ്മേളനവും നടത്തിയിരുന്നു. തുടർന്നാണ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.