ബിജെപിയുടേത് നികുതി ഭീകരത; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Jaihind Webdesk
Friday, March 29, 2024

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. രാജ്യത്ത് ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്നും വിമർശനം. ബി.ജെ.പിയിൽ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബിജെപി ലംഘിക്കുകയാണ്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, എഐസിസി ട്രഷറര്‍ അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

1,823 കോടി രൂപ അടയ്ക്കണമെന്ന ആദായനികുതിവകുപ്പിന്‍റെ നോട്ടീസിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്‍റെ എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സെെറ്റിലുണ്ടെന്ന് എഐസിസി ട്രഷറർ അജയ് മാക്കന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ സംഭാവന സംബന്ധിച്ച കണക്കുകള്‍ ദുരൂഹമെന്നും വിവരങ്ങള്‍ പൂർണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെതിരെ എടുത്ത നടപടി പോലെയാണെങ്കില്‍ ബിജെപി 4,600 കോടി രൂപ പിഴയടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി പാപ്പരാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു.  ജനാധിപത്യ വിരുദ്ധവും യുക്തിരഹിതവുമായ നടപടിയാണിത്. പ്രതിപക്ഷ പാര്‍ട്ടികളെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ നീക്കമാണിതെന്നും ആദായനികുതിവകുപ്പ് ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.