ജനങ്ങൾക്ക് താങ്ങാകേണ്ട നേരത്തും കൊള്ള തുടരുന്നു ; ഇന്ധനവില വർധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, May 12, 2021

 

ന്യൂഡല്‍ഹി :  ജനം കൊവിഡ് മഹാമാരിയോട് പൊരുതുമ്പോഴും ബി.ജെ.പി സർക്കാർ ഇന്ധനവില വർധിപ്പിച്ച് കൊള്ള തുടരുകയാണെന്ന് കോൺ​ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് എട്ടുദിവസത്തിനിടെ പെട്രോൾ വില 1.40 രൂപയും ഡീസൽ വില 1.63 രൂപയും വർധിപ്പിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.

അന്താരാഷ്ട്രതലത്തിൽ ഇന്ധനത്തിന്‌ വില കുറഞ്ഞതിന്റെ ഗുണഫലം ജനങ്ങൾക്കു കൈമാറണമെന്നും പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തണമെന്നും പെട്രോളിനും ഡീസലിനും കൂട്ടിയ 23.78 രൂപ, 28.37 രൂപ വീതമുള്ള എക്സൈസ് നികുതികൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലാഭമുണ്ടാക്കുന്നതിന്റെയും ചൂഷണത്തിന്റെയും എല്ലാ പരിധികളും മോദിസർക്കാർ ലംഘിച്ചതായി സുർജേവാല കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് താങ്ങായി മാറേണ്ട നേരത്ത് സർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരോ, ഓക്സിജനോ, അവശ്യ മരുന്നുകളോ ഇല്ല. ശരിയായ വിധം ടെസ്റ്റുകൾ നടക്കുന്നില്ലെന്നും ടെസ്റ്റ് റിപ്പോർട്ട് പുറത്തുവിടുന്നില്ലെന്നും സുർജേവാല പറഞ്ഞു.