രാജയ്ക്കെതിരായ വിമർശനത്തെച്ചൊല്ലി സിപിഐയില്‍ കലഹം ; കാനത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരായ  കാനം രാജേന്ദ്രൻറെ പ്രസ്താവനയിൽ പാർട്ടിക്കുള്ളില്‍ കലഹം. കാനത്തിന്‍റെ പരസ്യപ്രസ്താവനക്കെതിരെ ദേശീയ നിര്‍വാഹകസമിതി അംഗം കെ ഇ ഇസ്മയില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടില്‍ കേന്ദ്രനേതാക്കളില്‍ ചിലര്‍ കാനം രാജേന്ദ്രനെ അതൃപ്തിയറിച്ചു.

ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് കാനത്തില്‍ നിന്ന് ഉണ്ടായതെന്നാണ് പരാതി. ഇതിനെതിരെ കേന്ദ്രനേതൃത്വത്തിന് ഇസ്മയില്‍ കത്തയച്ചു. ദേശീയ നിര്‍വാഹകസമിതി ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ പിന്‍തുണയോടെയാണ് കാനത്തിനെതിരായ ഇസ്മെയിലിന്‍റെ നീക്കം. കേന്ദ്രനേതാക്കളെ സംസ്ഥാനത്തെ മറ്റ് ചില മുതിര്‍ന്ന നേതാക്കളും അതൃപ്തിയറിയിച്ചു.

കാനത്തിന്‍റെ പ്രസ്താവനക്കെതിരെ ഡി രാജ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കടുത്ത അതൃപ്തിയിലാണ് കേന്ദ്രനേതാക്കള്‍. ഡാങ്കെയേ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐയെന്നുള്ള കാനത്തിന്‍റെ പരമാര്‍ശം അതിരു കടന്നെന്നാണ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങളില്‍ ചിലരുടെ നിലപാട്.