പൊന്നാനിയിലെ സിപിഎം നടപടിയില്‍ പ്രതിഷേധം; സംഘാടകസമിതി യോഗം ബഹിഷ്‌കരിച്ച് പ്രവർത്തകർ

Jaihind Webdesk
Saturday, October 9, 2021

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ സിപിഎം നടപടിയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം സിദ്ദിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ തീരുമാനമാണ് താഴേത്തട്ടിൽ ഭിന്നത രൂക്ഷമാക്കിയത്. ഈ മാസം നടക്കുന്ന പൊന്നാനി ഏരിയാ സമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്കായി വിളിച്ചുചേർത്ത സംഘാടകസമിതി യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഏരിയാ കമ്മിറ്റിയംഗങ്ങളും ബഹിഷ്‌കരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നാണ് പൊന്നാനിയിലെ പാർട്ടി പ്രവർത്തകരുടെ പൊതുവികാരം. തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ മുന്നിൽനിന്ന് നയിക്കുകയും എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുകയുംചെയ്ത ടി.എം സിദ്ദിഖിനെതിരെ സ്വീകരിച്ച അച്ചടക്കനടപടി പുനഃപരിശോധിക്കണമെന്നതാണ് ഭൂരിഭാഗം പ്രവർത്തകരുടെയും ആവശ്യം.

സി.പി.എം. ഏരിയാസെന്‍റർ അംഗം ഇ.ജി നരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെയും മുതിർന്ന അംഗം പാലൊളി മുഹമ്മദ്കുട്ടിയെയും നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. ബുധനാഴ്ച വെളിയങ്കോട്ട് നടത്താനിരുന്ന കർഷകസംഘം പഞ്ചായത്ത് കൺവെൻഷനും പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കഴിഞ്ഞദിവസം പൊന്നാനി എസ്.ബി ഹാളിൽ വിളിച്ചുചേർത്ത സംഘാടകസമിതി യോഗത്തിൽനിന്നും നേതാക്കൾ വിട്ടുനിന്നത്. പെരുമ്പടപ്പ്, വെളിയങ്കോട്, എരമംഗലം, മാറഞ്ചേരി, ഈഴുവത്തിരുത്തി, ചെറുവായിക്കര, പൊന്നാനി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള നേതാക്കളും പല ബ്രാഞ്ച് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തില്ല.