കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി: യോഗസ്ഥലത്തേക്ക് ഇരച്ചുകയറി പ്രവർത്തകർ; മൗനം പാലിച്ച് സംസ്ഥാന നേതൃത്വം

Jaihind Webdesk
Wednesday, March 20, 2024

 

കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്‍റ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തകർ ശിൽപ്പശാല നടന്ന ഹാളിലേക്ക് ഇരച്ചു കയറി. യോഗം അലങ്കോലമായി. ജില്ലാ നേതൃത്വത്തിന് എതിരെ പ്രവർത്തകർ രംഗത്തെത്തി.

ബിജെപി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്‍റ് സുധാമ ഗോസാഡാ, നവനീത് ബഡാജെ, പഞ്ചായത്ത് അംഗവും തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന യാദവ ബഡാജെ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഈ യോഗത്തിലേക്കാണ് ജില്ലാ കമ്മറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ഇരച്ചു കയറിയത്. പാർട്ടിക്കുള്ളിൽ ഏതാനും വർഷമായി ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു പരിപാടിയും നടത്താൻ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പ്രവർത്തകർ നേതാക്കളെ ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ പുറത്തുവന്നു.

പാർട്ടി ഗ്രൂപ്പുകളിലും വീഡിയോ പ്രചരിക്കുകയാണ്. ജില്ലാ പ്രസിഡന്‍റ് രവീശ തന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പുകൾ പാലിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. അതുവരെ തിരഞ്ഞെടുപ്പ് പരിപാടിയിൽ ആരും സഹകരിക്കില്ലെന്ന് മഞ്ചേശ്വരത്തെ ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന നേതൃത്വമാവട്ടെ ജില്ലയിലെ പ്രശ്നത്തിൽ മൗനം പാലിക്കുകയാണ്.