കണ്ണൂർ സിപിഎമ്മില്‍ കലാപക്കൊടി; നേതൃത്വത്തിന് എതിരെ പ്രവർത്തകർ; കരിങ്കൊടി ഉയർത്തി പ്രതിഷേധം

 

കണ്ണൂർ : തളിപ്പറമ്പിന് പിന്നാലെ സിപിഎം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് എതിരെ പ്രതിഷേധം. കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പടെ 5 പ്രതിനിധികൾ ഇറങ്ങിപ്പോയി. മുൻ ലോക്കൽ സെക്രട്ടറി ടിഎം ഇർഷാദ്, മുൻ ബ്രാഞ്ച് സെക്രട്ടറി ടികെ ഷംസീർ എന്നിവർ ഉൾപ്പെടെയാണ് ഇറങ്ങിപ്പോയത്. തായത്തെരു ബ്രാഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി കൊടിക്കൊപ്പം കരിങ്കൊടി ഉയർത്തിയും പ്രവർത്തകര്‍ പ്രതിഷേധിച്ചു.

തായത്തെരുവിലെ പാർട്ടി സ്തൂപത്തിൽ ഉൾപ്പടെയാണ് കരിങ്കൊട്ടി ഉയർത്തിയത്. ‘പണ്ടേ ചുവന്നതല്ലീ മണ്ണ് ഞങ്ങൾ ചുവപ്പിച്ചതാണ്, അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി ജീവിക്കുന്നതാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ഉയർത്തി. തായത്തെരു സഖാക്കൾ എന്ന പേരിലാണ് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

ഞായറാഴ്‌ച താളിക്കാവിൽ ആയിരുന്നു ലോക്കൽ സമ്മേളനം നടന്നത്.വിവിധ ബ്രാഞ്ചുകളിൽ നിന്ന് 76 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉച്ച കഴിഞ്ഞാണ് തായത്തെരു സെൻട്രൽ ബ്രാഞ്ച് പ്രതിനിധികൾ ഇറങ്ങിപ്പോയത്. മുൻ ലോക്കൽ സെക്രട്ടറി ടിഎം ഇർഷാദ്, മുൻ ബ്രാഞ്ച് സെക്രട്ടറി ടികെ ഷംസീർ എന്നിവർ ഉൾപ്പടെ 5 പ്രതിനിധികളാണ് ഇറങ്ങിപ്പോയത്.
അഴിമതിക്കാരാണ് ഇപ്പോൾ പാർട്ടിയോട് ചേർന്നുനിൽക്കുന്നതെന്നും ഇവർ ആരോപിച്ചു. തങ്ങൾക്ക് ഒപ്പം അമ്പതിൽ ഏറെ പ്രതിനിധികൾ ഉണ്ടെന്ന് ഇവർ പറയുന്നു.

ആത്മാർത്ഥമായി പ്രവർത്തിച്ച പഴയ പ്രവർത്തകരെ തഴഞ്ഞ് സ്വാർത്ഥമതികളായ പുതിയ ആളുകളെ താലോലിക്കുന്നതായി ഇവർ സമ്മേളന വേദിയിൽ ആരോപണം ഉന്നയിച്ചു. ഇത് രൂക്ഷമായ വാദപ്രതിവാദത്തിന് ഇടയാക്കിയതായാണ് വിവരം.  സമ്മേളനം ബഹിഷ്കരിച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചാരണം നടന്നത്. തളിപ്പറമ്പിന് പിന്നാലെ കണ്ണൂരിലും പാർട്ടി നേതൃത്വത്തിനെതിരെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

Comments (0)
Add Comment