എരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം, മര്‍ദ്ദനം; തിരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു.

Jaihind Webdesk
Sunday, November 13, 2022

കണ്ണൂര്‍ : എരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം.യു ഡി എഫ് അനുകൂല വോട്ടര്‍മാരെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു.
സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്‍റ് ടെസ്സി ഇമ്മാനുവെലിനെയും മെമ്പര്‍ ഷൈല ജോയിയെയുമാണ് സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് ഡിസിസി സെക്രട്ടറി ജോജി വർഗീസ്, കെ എസ് യു ജില്ല സെക്രട്ടറി അൻസിൽവാഴപ്പള്ളി യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ പി.ലിജേഷ് നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് നന്ദകിഷോര്‍ എന്നിവരെയും സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു, പൊലീസ് വാഹനം തടയുകയും സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെ സി പി എം പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.
എരുവേശ്ശി കെ കെ എന്‍ എം സ്‌ക്കൂളിലാണ് വോട്ടെടുപ്പ്. ലിസ്റ്റില്‍ പേരില്ലാത്ത സി പി എം പ്രവര്‍ത്തകരാണ് വോട്ടര്‍മാരെ തടഞ്ഞത്.

അതേസമയം ഏരുവേശ്ശി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചു.
സി പി എം പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചുവിട്ട് വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.
സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു. സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നതായും സജീവ് ജോസഫ് എംഎല്‍എ ആരോപിച്ചു.