ബാംഗ്ലൂര്‍ സൗത്തിനെച്ചൊല്ലി ബി.ജെ.പിയില്‍ കലഹം; തേജസ്വി സൂര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അനന്ത് കുമാറിന്‍റെ ഭാര്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന് കരുതിയിരുന്ന ബാംഗ്ലൂർ സൗത്തില്‍ യുവ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. അഡ്വക്കേറ്റ് തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബി.ജെ.പി തീരുമാനത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാറിന്‍റെ ഭാര്യ തേജസ്വിനിയാണ് രംഗത്തെത്തിയത്. അനന്ത്കുമാറിന്‍റെ മരണശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്ന മണ്ഡലത്തില്‍ മോദി സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവിടെ മോദി മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ 28കാരനായ തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് തേജസ്വിനിയെ ചൊടിപ്പിച്ചത്. അനന്ത്കുമാറിന്‍റെ മരണത്തിന് പിന്നാലെ ഭാര്യ തേജസ്വിനിയെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ യെദിയൂരപ്പ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതുമാണ്.

ബി.ജെ.പി തീരുമാനം ഞെട്ടലുളവാക്കി എന്നാണ് തേജസ്വി സൂര്യയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അനന്ത് കുമാറിന്‍റെ ഭാര്യ തേജസ്വിനി പ്രതികരിച്ചത്. ബാംഗ്ലൂര്‍ സൗത്തില്‍ നിന്ന് 5 തവണ അനന്ത് കുമാർ വിജയിച്ചിട്ടുണ്ട്. പ്രവർത്തകർക്കും എനിക്കും ഞെട്ടലുണ്ടാക്കിയ തീരുമാനമാണിത്. ആദ്യം രാജ്യം, പാർട്ടി രണ്ടാമത്, വ്യക്തിതാൽപര്യം അവസാനം എന്ന ആദർശത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഒരുപാടു ചോദ്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്നും തേജസ്വിനി പറഞ്ഞു.

ഓപ്പറേഷന്‍ താമര ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാകുന്നതിന് പിന്നാലെയാണ് ഇത്തരത്തില്‍ ബി.ജെ.പിക്കുള്ളില്‍ സീറ്റിനെച്ചൊല്ലി  കലാപക്കൊടി ഉയരുന്നത്. അടര്‍ത്തിയെടുത്ത എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഹോട്ട് സീറ്റായ ബാംഗ്ലൂർ സൗത്തില്‍ തേജസ്വിനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതെന്നാണ് വിവരം.

thejaswi suryathejaswiniananth kumar
Comments (0)
Add Comment