പമ്പ: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശബരിമലയില്‍ റിട്ട. ജസ്റ്റിസ് ശങ്കരന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനകള്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസം പകല്‍ 11 മണിയോടെ ആരംഭിച്ച പരിശോധനയുടെ ആദ്യ ഘട്ടത്തില്‍ തന്നെ രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മില്‍ വൈരുദ്ധ്യമുള്ളതായി അമിക്കസ് ക്യൂറി കണ്ടെത്തിയതാണ് പരിശോധനാ കാലാവധി നീളാന്‍ കാരണം.
പരിശോധനയുടെ ആദ്യപടിയായി രജിസ്റ്ററും, മഹസറും, സ്റ്റോക്കും ഒത്തുനോക്കുന്ന നടപടികളാണ് ആദ്യം നടന്നത്. ഈ നടപടിയിലാണ് വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. അതിനാല്‍, വരും ദിവസങ്ങളിലും മഹസറും വഴിപാട് സാധനങ്ങളുടെ സ്റ്റോക്കും പരിശോധിക്കുന്നത് തുടരും.
സ്വര്‍ണ്ണ പാളികള്‍, സ്വര്‍ണ്ണ പീഠം, പഴയ വാതില്‍, കട്ടിള എന്നിവയുള്‍പ്പടെയുള്ള സന്നിധാനത്തെ മറ്റ് വസ്തുക്കളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കാലതാമസം ഉണ്ടാകുമെന്നാണ് സൂചന. സന്നിധാനത്തെയും സന്നിധാനത്തെ താത്ക്കാലിക സ്‌ട്രോങ്ങ് റൂമിലെയും പരിശോധന പൂര്‍ത്തിയായ ശേഷമേ, തിരുവിതാംകൂര്‍ മഹാരാജാവ് സമര്‍പ്പിച്ച തങ്കയങ്കി അടക്കം വിലയേറിയ നിരവധി തിരുവാഭരണങ്ങളും വഴിപാട് ഉരുപ്പടികളും സൂക്ഷിക്കുന്ന ആറന്‍മുളയിലെ പ്രധാന സ്‌ട്രോങ് റൂമിലെ പരിശോധന നടക്കാന്‍ സാധ്യതയുള്ളൂ.
ഇവിടെ ഒരു ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം കാണാനില്ല എന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഭക്തരും വഴിപാട്കാരും ഏറെ ആശങ്കയിലാണ്. ആറന്‍മുള സ്‌ട്രോങ്ങ്റൂം തുറന്നുള്ള പരിശോധനയ്ക്കായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.