സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; കുട്ടനാട്ടില്‍ 5 പേര്‍ ആശുപത്രിയില്‍; 5 പേര്‍ അറസ്റ്റില്‍

Jaihind Webdesk
Monday, February 13, 2023

ആലപ്പുഴ : കുട്ടനാട്ടിൽ സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ സംഘര്‍ഷം.   ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ അ‍ഞ്ച് പേർക്ക് പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വാഹനങ്ങളിൽ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.  സംഭവത്തിൽ 5പേരെ പൊലീസ് അറസ്റ്റു ചെയ്തു.

വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു സംഘർഷം. അക്രമത്തിന് ഇരയായത് ഔദ്യോഗിക വിഭാഗത്തില്‍പെട്ടവരാണ്.  അക്രമികൾ പ്രദേശത്തെ സിപിഎം അനുഭാവികൾ തന്നെയാണ്. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവർ തമ്മിൽ പ്രദേശത്ത് ഏറെക്കാലമായി തർക്കം രൂക്ഷമായി തുടരുകയാണ്. തർക്കം രാമങ്കരിയിൽ നിന്നും മറ്റ് ലോക്കൽ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു.

ഏറെക്കാലമായി വിഭാഗീയത തുടരുന്ന കുട്ടനാട്ടില്‍ ഈയിടെയാണ് 300 ഓളംപേര്‍ പാര്‍ട്ടി വിടുന്നതായി കത്തു നല്‍കിയത്.  ഇതിനിടയിലാണ് തെരുവു യുദ്ധം അരങ്ങേറിയത്.