ചെലവ് കുറയ്ക്കാന്‍ കണ്ടക്ടറെ ഒഴിവാക്കി! ആളെ എടുക്കാതെ ആനവണ്ടിയുടെ ഓട്ടം: നിർത്തുന്നത് പമ്പയില്‍ മാത്രം; പ്രതിഷേധം

Jaihind Webdesk
Wednesday, August 3, 2022

പത്തനംതിട്ട: ചെലവ് ചുരുക്കാന്‍ കണ്ടക്ടറെ ഒഴിവാക്കിയ കെഎസ്ആർടിസിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പത്തനംതിട്ട-പമ്പ റൂട്ടിലാണ് കെഎസ്ആർടിസിയുടെ വിചിത്ര നടപടി. ഇടയ്ക്ക് നിർത്തി ആളെ എടുക്കാത്തതിനാല്‍ നിരവധി ഭക്തജനങ്ങളാണ് വലയുന്നത്. കെഎസ്ആർടിസിയുടെ പരിഹാസ്യമായ നടപടിക്കെതിരെ  യാത്രക്കാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.

നിലവില്‍ കണ്ടക്ടർ ഇല്ലാതെ ഡ്രൈവർ മാത്രമായാണ് പത്തനംതിട്ട നിന്ന് പമ്പയ്ക്ക് ബസ് ഓടുന്നത്. പത്തനംതിട്ടയിൽ നിന്ന് മാത്രമാണ് തീർത്ഥാടകർക്ക് ടിക്കറ്റ് നല്‍കുന്നത്. ഇടയ്ക്ക് യാത്രക്കാര്‍ കൈ കാണിച്ചാല്‍ ബസ് നിര്‍ത്താറില്ല. ചെലവ് കുറക്കാൻ കണ്ടക്ടറെ ഒഴിവാക്കിയതിനാല്‍ ഇടയ്ക്ക് നിന്ന് കയറുന്നവർക്ക് ടിക്കറ്റ് നൽകാൻ കഴിയാത്തതാണ് കാരണം.

കെഎസ്ആർടിസിയുടെ വിചിത്ര നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പത്തനംതിട്ട-പമ്പ റൂട്ടില്‍ യാത്രക്കാര്‍ ബസ് തടഞ്ഞ് പ്രതിഷേധിക്കുന്ന സംഭവങ്ങളുണ്ടായി. ചെലവ് ചുരുക്കാന്‍ വേണ്ടിയാണ് കണ്ടക്ടറെ ഒഴിവാക്കിയതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എന്നാല്‍ യാത്രക്കാരെ എടുക്കാത്തതിനാല്‍ ചില ട്രിപ്പുകളെങ്കിലും നഷ്ടത്തിലാണെന്നതാണ് രസകരമായ മറ്റൊരു വസ്തുത.