ഭരണ സംവിധാനത്തിന്‍റെ മറവിൽ എസ് എഫ് ഐ നടത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റം; കെ എസ് യു

കൊച്ചി : ഭരണ സംവിധാനത്തിന്റെ മറവിൽ എസ് എഫ് ഐ നടത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി സർക്കാർ കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപക ജോലി കരസ്ഥമാക്കുകയും നിരവധി കോളേജുകളിൽ ഈ സർട്ടിഫിക്കറ്റ് അഭിമുഖങ്ങൾക്കായ് ഹാജരാക്കുകയും ചെയ്ത വ്യക്തി എസ് എഫ് ഐ മഹാരാജാസിലെ സജീവ പ്രവർത്തകയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ അടുത്ത സുഹൃത്തും. എസ്എഫ്ഐ യുടെ ഉന്നത നേതാക്കളുമായുള്ള ഇവരുടെ ബന്ധം അന്വേഷിക്കേണ്ടതാണ്. കോളേജ് അധികാരികളുടെ ഒത്താശയോടെയാണ് ഇത് നിർമിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നു. കൂടാതെ മലയാള വിഭാഗത്തിലെ ചില അദ്ധ്യാപകരുടെ പങ്കും അന്വേഷിക്കേണ്ടതാണ്. കോളേജ് യൂണിയൻ ഓഫീസിലും ഹോസ്റ്റലിലും കോളേജിന്റേയോ അദ്ധ്യാപകരുടേയോ സീൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കേണ്ടതാണ്. കോളേജ അധികാരികളുടെ അറിവില്ലാതെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കും എന്നു കരുതുന്നില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പങ്കും അന്വേഷിക്കേണ്ടതാണ്. കൂടാതെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ജോലിക്ക് വാങ്ങിയ ശമ്പളം തിരിച്ച് പിടിക്കാൻ സർക്കാർ നിർദേശം നല്കേണ്ടതാണ്.

കൂടാതെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ റിസൽറ്റ് വന്നപ്പോൾ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാത്രം മാർക്കോ ഗ്രേടോ രേഖപ്പെടുത്താതെ വിജയിച്ചു എന്ന് മാർക്ക് ലിസ്റ്റിൽ വന്നത് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കേണ്ടതാണ്. റിസൽറ്റ് അട്ടിമറിക്കാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ അന്വേഷണ വിധേയമാക്കണമെന്നും അലോഷ്യസ് സേവ്യർ കൂട്ടി ചേർത്തു.
പ്രസ്തുത വിഷയത്തിൽ കോളേജ് അധികാരികളുടെ പങ്കും ആരോപിച്ചു നാളെ കെ എസ് യുവിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് മാർച്ചും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Comments (0)
Add Comment