‘സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞു’: എ. വിജയരാഘവനെതിരെ ദീപിക ദിനപത്രം

Jaihind Webdesk
Saturday, December 21, 2024

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ കോടതിക്ക് മുന്നില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ചും പൊതുജനങ്ങളെ അപഹസിച്ചും സംസാരിച്ച സിപിഎം നേതാവ് എ. വിജയരാഘവനെതിരെ പ്രതിഷേധം കടുക്കുന്നു. വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപിക ദിനപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയില്‍ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ലെന്ന് ‘സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞു’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. പോളിറ്റ് ബ്യൂറോ അംഗത്തിന്റേത് മാരക ന്യായീകരണമായിരുന്നു. പാവങ്ങളുടെ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാര്‍ട്ടിയില്‍ കാറില്ലാത്ത എത്ര നേതാക്കളുണ്ടെന്നും ദീപിക ചോദിക്കുന്നു.

രാഷ്ട്രീയക്കാരന്റെ മേലങ്കി അഹങ്കാരത്തിനു കാരണമായാല്‍ അതു സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ല. പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയില്‍ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല. പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണന്നും, നിയമസഭ മേശപ്പുറത്ത് നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയമനസ് ഇനിയും ഇരുണ്ട യുഗത്തിന്റെ തമസില്‍ തപ്പിത്തടയുകയാണെന്നു പറയേണ്ടിവരുമെന്നും ദീപിക പത്രത്തില്‍ പറയുന്നു.

കാറുള്ളവര്‍ കാറില്‍ പോകുന്നതുപോലെ പാവങ്ങള്‍ക്കു ജാഥ നടത്താനും അനുവാദം വേണമെന്നു പറഞ്ഞ വിജയരാഘവന്‍, അറിഞ്ഞോ അറിയാതെയോ തൊലിയുരിഞ്ഞുപോകുന്ന സെല്‍ഫ് ഗോള്‍ തന്നെയാണ് പാര്‍ട്ടിയുടെ ഗോള്‍ പോസ്റ്റില്‍ അടിച്ചുകയറ്റിയിരിക്കുന്നത്. പാവങ്ങളുടെ പാര്‍ട്ടിയെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാര്‍ട്ടിയില്‍ കാറില്ലാത്ത എത്ര നേതാക്കളുണ്ട്. കുന്നംകുളത്തെ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ സഖാവ് വിജയരാഘവന്‍ നടന്നാണോ വന്നതെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് വിജയരാഘവന്‍ രംഗത്തെത്തിയത്. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വിജയരാഘവന്‍ ചോദിച്ചത്.