കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണ പരാജയം; സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, January 23, 2022

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് പ്രതിരോധം സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല. ടിപിആർ അശാസ്ത്രീയമാണെന്ന ആരോഗ്യമന്ത്രിയുടെ വാദം സർക്കാരിന്‍റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിലെ സർക്കാരിന്‍റെ 7 വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു രമേശ്‌ ചെന്നിത്തലയുടെ വിമർശനം.

രോഗവ്യാപന സാഹചര്യത്തിൽ പ്രവർത്തകരെ കൂട്ടി സമ്മേളനങ്ങൾ നടത്തുന്നവർക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഉള്ളതെന്ന് ചോദിച്ച രമേശ്‌ ചെന്നിത്തല കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാരിന്‍റെ 7 വീഴ്ചകൾ എണ്ണിപ്പറഞ്ഞു.

1. നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സമ്മേളനങ്ങൾ നടത്തി രോഗവ്യാപനം കലശലാക്കി

2. സമയത്തിന് കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചില്ല. കുടുംബശ്രീ തെരഞ്ഞെടുപ്പ് പോലെ ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ നിയന്ത്രിച്ചില്ല

3. മൂന്നാം തരംഗം വരികയാണെന്ന് മുന്നറിയിപ്പ്കിട്ടിയിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല

4. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയില്ല

5. കൊവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാനാണ് സർക്കാർ പറയുന്നത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ വീടുകളിൽ വൈദ്യസഹായം എത്തിക്കുന്നതിനുള്ള സംവിധാനം പോലും സർക്കാർ ഒരുക്കിയില്ല.

6. വീടുകളിൽ എല്ലാവർക്കും ഒന്നിച്ച് രോഗബാധ ഉണ്ടായി പുറത്തിറങ്ങാൻ കഴിയാത്ത ഒട്ടനവധി കേസുകളുണ്ട്. ഇവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയില്ല. സമൂഹ അടുക്കള സംവിധാനം ഇത്തവണ ആരംഭിച്ചില്ല.

7. പ്രാഥമിക ചികിത്സയ്ക്കുള്ള സി എഫ് എൽടിസി കൾ സജ്ജമാക്കിയില്ല. രോഗവ്യാപനം കാരണം തൊഴിൽ നഷ്ടമായവർക്ക് സഹായമെത്തിക്കുന്നില്ല

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്കും കൊവിഡ് വരുന്നത് കൊവിഡ് വ്യാപനം നടന്നതുകൊണ്ടാണെന്നും മമ്മൂട്ടിക്ക് കൊവിഡ് വന്നത് കൊണ്ട് മറ്റുള്ളവർക്ക് വരാതിരിക്കില്ലല്ലോ എന്നും കോടിയേരിക്ക് മറുപടിയായി രമേശ്‌ ചെന്നിത്തല പറഞ്ഞു.

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോൾ ബദൽ സംവിധാനം സംസ്ഥാനത്ത് ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു . തെരഞ്ഞെടുപ്പ് നോക്കാതെ അടിയന്തരമായി ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.