ഐ.ടി വകുപ്പിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അഴിമതിയും അനധികൃത നിയമനങ്ങളും അന്വേഷിക്കണം : വിജിലന്‍സില്‍ പരാതി

Jaihind News Bureau
Monday, July 13, 2020

 

ഐ.ടി വകുപ്പിന് കീഴില്‍ നടന്ന അഴിമതിയും അനധികൃത നിയമനങ്ങളും സ്വജനപക്ഷപാതവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ സ്വജനപക്ഷപാതത്തിനും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് വി.എസ് മനോജ്കുമാറാണ് പരാതി നല്‍കിയത്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ നിയമനം ഉള്‍പ്പെടെ നിരവധി അനധികൃത നിയമനങ്ങളാണ് നടന്നതെന്നും ഇതെല്ലാം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നത്. കെ.എസ്.ഐ.ടി.ഐ.എല്ലിലും കെ-ഫോണിലും പുതിയ തസ്തികകളിലേക്ക് നിയമനം നല്‍കാന്‍ കഴിഞ്ഞ 26 ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ് ഏറ്റവുമൊടുവില്‍ ശിവശങ്കര്‍ അഴിമതിക്ക് കളമൊരുക്കിയത്. 16 പുതിയ തസ്തികകളിലേക്കും 18 സ്ഥിരം ഒഴിവുകളിലേക്കുമാണ് നിയമനം. ലക്ഷക്കണക്കിന് രൂപയാണ് ഓരോ തസ്തികകളിലും ശമ്പളം. കൊവിഡുമായി ബന്ധപ്പെട്ട് നിയമനം മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്ന പുതിയ നിയമനം നടക്കുന്നത്.

പരിചയ സമ്പത്തുള്ള മാനേജര്‍മാര്‍, നേരിട്ടുള്ള നിയമനം, ഡെപ്യൂട്ടേഷന്‍ എന്നീ രീതിയിലാണ് നിയമനം. ഇതില്‍ പരിചയസമ്പത്തുള്ള മാനേജര്‍മാരുടെ മറവിലാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം നടന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കെ.എസ്.ഐ.ടി.ഐ.എല്‍ വഴി സ്വപ്‌ന സുരേഷിന് ലക്ഷങ്ങള്‍ ശമ്പളം നല്‍കിയ അതേ മാതൃകയിലാണ് ഈ നിയമനവും നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കെ-ഫോണില്‍ യൂണിറ്റുപോലുമില്ലാതെയാണ് ഈ നിയമനം. അടിസ്ഥാന യോഗ്യതപോലുമില്ലാതെ പിന്‍വാതിലിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണ് ശിവശങ്കര്‍ ശ്രമിച്ചത്. ബന്ധുക്കളേയും പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ ശിവശങ്കറിലൂടെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

അതേസമയം ശിവശങ്കറിന്‍റെ താല്‍പ്പര്യപ്രകാരം ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫീസുകളില്‍ ഐ.ടി പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചതായും വ്യക്തമായി. പ്രധാനവകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.ടി വിദഗ്ധരെ നിയമിച്ചതിലും ദുരൂഹതയുണ്ട്. രഹസ്യസ്വഭാവമുള്ള ജോലി ചെയ്യുന്ന ഓഫീസുകളില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കണം നിയമനം എന്നിരിക്കെ ഇവിടെ ആ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ ആരോപണം ഉയര്‍ന്നാല്‍ രഹസ്യാന്വേഷണം നടത്താന്‍ സര്‍വീസ് ചട്ടങ്ങളില്‍ പറയുമ്പോള്‍ ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഐ.ടി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടന്ന അനധികൃത നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനോജ്കുമാർ വിജിലന്‍സില്‍ പരാതി നല്‍കിയത്.