തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഗുരുതരമായ ശസ്ത്രക്രിയ പിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായിട്ടാണ് പരാതി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മുറിവിലെ പഴുപ്പ് പുറത്തേക്ക് പോകാനായി ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതുസംബന്ധിച്ച് ഡോക്ടർ തന്നോട് പറഞ്ഞിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷിനു പറഞ്ഞു.
മുതുകിലെ ശസ്ത്രക്രിയക്കിടെയാണ് നെടുമങ്ങാട് സ്വദേശി ഷിനുവിന്‍റെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തതായി കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഷിനു ജനറൽ ആശുപത്രിയിൽ മുതുകിലെ പഴുപ്പിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വീട്ടിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും വേദന മാറാതിരുന്നതിനെ തുടർന്ന് ഭാര്യ മുറിവിന്‍റെ കെട്ടഴിച്ചു നോക്കിയപ്പോഴാണ് ഗ്ലൗസിന്‍റെ ഭാഗം തുന്നി ചേർത്ത നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഇവർ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും മുറിവിലെ പഴുപ്പ് പുറത്തേക്ക് പോകാനായി ചെയ്തതാണെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം ഗ്ലൗ ഡ്രെയ്‌ൻ സിസ്റ്റത്തിന്‍റെ കാര്യം തന്നോട് ഡോക്ടർ പറഞ്ഞിട്ടില്ലെന്ന് ഷിനു വ്യക്തമാക്കി.
ഓപ്പറേഷൻ തിയേറ്ററിൽ ഇടുന്ന വസ്ത്രം വാങ്ങണം എന്നു മാത്രമാണ് ആശുപത്രി അധികൃതർ പറഞ്ഞിട്ടുള്ളതെന്നും മറ്റൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഷിനുവിന്‍റെ ഭാര്യയും പറഞ്ഞു. അതേസമയം കയ്യുറയുടെ ഭാഗം വെച്ചത് സാധാരണ കാര്യമാണെന്നും വീട്ടുകാരെ ഇക്കാര്യം അറിയിച്ചിരുന്നു എന്നുമുള്ള നിലപാടിൽ ആശുപത്രി സൂപ്രണ്ട് ഉറച്ചുനിൽക്കുകയാണ്. ചികിത്സാ വീഴ്ചയ്ക്കെതിരെ ഷിനുവും കുടുംബവും പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ട്.