ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി; ഗാന്ധി പ്രതിമയെ ഡിവൈഎഫ്ഐ പ്രവർത്തകർ അപമാനിച്ചതായി പരാതി, സംഭവം മലപ്പുറത്ത്

Thursday, August 15, 2024

 

മലപ്പുറം: നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയെ ഡിവൈഎഫ്ഐ പ്രവർത്തകർ അപമാനിച്ചതായി പരാതി. മലപ്പുറം ഏലംകുളം ഗ്രാമപഞ്ചായത്തിലാണ് സംഭവം. കോൺഗ്രസ് ഭരിക്കുന്ന ഏലംകുളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് നിർമ്മിക്കുന്ന ഗാന്ധി പ്രതിമയുടെ മുകളിൽ ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കയറി ഗാന്ധിയെ അപമാനിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പഞ്ചായത്ത് കോമ്പൗണ്ടിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.  പ്രതിമയുടെ പ്രവർത്തി പൂർണ്ണമാകാത്തതിനാൽ അനാച്ഛാധനം ചെയ്തിരുന്നില്ല. അതിന് മുൻപാണ് ഡിവെെഎഫ്ഐക്കാർ ഗാന്ധി പ്രതിമയെ അപമാനിച്ചത്. രാവിലെ ദേശീയ പതാക ഉയർത്തി ജനപ്രതിനിധികളും ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ നിന്ന് പോയതിനുശേഷമാണ് ഈ പ്രവർത്തിക്ക് ഡിവൈഎഫ്ഐ ഗുണ്ടകൾ നേതൃത്വം കൊടുത്തത്.