ചിതറ ഗ്രാമപഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് ഓഫീസില്‍ കയറി കയ്യേറ്റം ചെയ്തു; കേസെടുത്ത് കടയ്ക്കല്‍ പോലീസ്

Jaihind Webdesk
Friday, July 5, 2024

 

കൊല്ലം: ചിതറ ഗ്രാമപഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് ഓഫീസില്‍ കയറി കയ്യേറ്റം ചെയ്തതായി പരാതി. പഞ്ചായത്ത് അംഗമായ തലവരമ്പ് സ്വദേശി അന്‍സറിനെയാണ് റഹീം എന്ന കോണ്‍ട്രാക്റ്റര്‍ മര്‍ദ്ദിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രകോപനം ഒന്നും ഇല്ലാതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരുക്കേറ്റ അന്‍സറിനെ കടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റഹീമുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ വിരോധമാണ് ആക്രമണം നടത്താന്‍ കാരണമെന്നും അന്‍സര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്‍റെ വൈരാഗ്യമാകാം കാരണമെന്ന് അൻസർ പറയുന്നു. പഞ്ചായത്ത് ഓഫീസില്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കെ ഇയാള്‍ പാഞ്ഞെെത്തി മർദ്ദിക്കുകയായിരുന്നു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനമെന്നും അന്‍സർ പറഞ്ഞു. പഞ്ചായത്തിലെ ജീവനക്കാരുടെ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.