സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതി: മാസ്ക്കറ്റ് ഹോട്ടലിൽ പോലീസ് പരിശോധന, തെളിവുകൾ ശേഖരിച്ചു

 

തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ പോലീസ് പരിശോധന. 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടൽ താമസ രേഖകളടക്കം പോലീസ് ശേഖരിച്ചു. കന്‍റോൺമെന്‍റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്.

സിനിമയിൽ അവസരം വാദ്ഗാനം ചെയ്ത് 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ അന്വേഷണ സംഘം കേസെടുത്തത്. നിള തിയറ്ററിൽ സിദ്ദിഖിന്‍റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഡിജിപിക്ക് കൈമാറിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പോലീസിന് കൈമാറിയത്. ഇന്നലെ നടിയുടെ മൊഴിയെടുത്തു. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും പോലീസ് ശേഖരിക്കും.

Comments (0)
Add Comment