വ്യാജ പ്രചാരണം: കോടിയേരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കുമെതിരേ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്ന് ഷിബു ബേബിജോണ്‍

Jaihind Webdesk
Tuesday, March 12, 2019

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായി ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം കോടിയേരി,കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടിയാണ് പരാതി.
പ്രേമചന്ദ്രന്‍ ബി. ജെ. പിയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കൂടാതെ കെ.എന്‍ ബാലഗോപാല്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ,സമുദായ നേതാക്കളോട് ഇത് ആവര്‍ത്തിച്ചെന്നും ഇതിന് തെളിവുണ്ടെന്നും ഷിബു അറിയിച്ചു.

ഐ.പി.സി 171(ജി) വകുപ്പിന്റെ ലംഘനമാണ് ഇരു നേതാക്കളില്‍ നിന്നും ഉണ്ടായത്. പ്രേമചന്ദ്രന്റെ വിജയത്തില്‍ യു. ഡി.എഫിന് യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു നുണ പല തവണ ആവര്‍ത്തിച്ചു പറയുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സി.പി.എം പയറ്റുന്നത്. ഇത് പല തവണ സി.പി.എം പരീക്ഷിച്ച് വിജയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷിനെതിരെ സി.പി.എം സംഘി ആരോപണം ഉന്നയിച്ചിരുന്നു. മഹേഷിന്റെ പരാജയത്തിന് വരെ ഈ ആരോപണം കാരണമായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിജയകുമാറിനെതിരെ അയ്യപ്പസേവാ സംഘത്തിലെ പ്രവര്‍ത്തനത്തിന്റെ പേരിലും സംഘിയെന്ന് ആരോപിച്ചിരുന്നു. സി.പി.എം വ്യാജ ആരോപണം ഒഴിവാക്കി രാഷ്ട്രീയമായി നേരിടാന്‍ തയ്യാറാകണമെന്ന് ഷിബു ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ മനസില്‍ മോദി വീണ്ടും കേന്ദ്രത്തിലിരിക്കണമെന്നാണ് ആഗ്രഹം.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് സി.പി.എം ഇതുവരെയും പറഞ്ഞിട്ടില്ല. മോദിയുടെ ഗവണ്‍മെന്റ് രാജ്യത്തെ പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള എല്ലാവര്‍ക്കുമെതിരെ സിബിഐയെക്കൊണ്ട് കേസ്സെടുപ്പിക്കുകയും ചെയ്തു എന്നാല്‍ 374 കോടി രൂപയുടെ അഴിമതി നടത്തിയ പിണറായി വിജയന്റെ ലാവലിന്‍ കേസ് 13 തവണ സിബിഐ സുപ്രീം കോടതിയില്‍ മാറ്റിവെപ്പിക്കുകയുമുണ്ടായി.ജഡ്ജി വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും കേസ് മാറ്റിവപ്പിച്ചത് പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിക്കാതിരിക്കാന്‍വേണ്ടി അമിത്ഷായുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതിന്റെ പ്രത്യുപകാരമാണ്് ശബരിമല അടക്കം ആളിക്കത്തിച്ച് ബിജെപിക്ക് വളരാനുള്ള അവസരം പിണറായി-കോടിയേരി സഖ്യം ഉണ്ടാക്കി കൊടുത്തത്.
കഴിഞ്ഞ മാസം നടന്ന ആയുഷ്പദ്ധതിയുടെ പരിപാടിയില്‍ അധ്യക്ഷയായ മന്ത്രി ഷൈലജ പ്രസംഗിച്ചത് കല്ലിടീല്‍ കര്‍മ്മം നടത്തിയ മോദി തന്നെ ഉദ്ഘാടനം ചെയ്യണമെന്നാണ്. കോടിയേരി പ്രേമചന്ദ്രനെ ഓര്‍ത്ത് ദുഃഖിക്കേണ്ടെന്നും സ്വന്തം മക്കളെ ഓര്‍ത്താല്‍ മതിയെന്നും ഷിബു തുറന്നടിച്ചു. പത്രസമ്മേളനത്തില്‍ ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ.ഫിലിപ്പ് കെ.തോമസും പങ്കെടുത്തു.

teevandi enkile ennodu para