റോഡ് നിർമ്മാണത്തിന്‍റെ പേരില്‍ ഭൂമി കയ്യേറാൻ ശ്രമം; പി.വി.അൻവർ ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി

Jaihind News Bureau
Thursday, July 23, 2020

 

പി.വി അൻവർ എംഎൽഎയുടെയും ഭൂമാഫിയകളുടെയും താത്പര്യത്തിന് മലപ്പുറം എടക്കര ബൈപാസ് നിർമ്മാണം മാറ്റിയതോടെ കുടിയിറങ്ങേണ്ടി വരുന്നത് നാല് കുടുംബങ്ങൾക്കാണ്. റോഡ് നിര്‍മ്മാണത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി കിടപ്പാടം കയ്യേറാൻ പി.വി.അൻവര്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. സര്‍ക്കാര്‍ ഉത്തരവുകളോ കൂടിയാലോചനകളോ ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് താത്പര്യത്തിലാണ് എം.എല്‍.എ ബൈപാസ് റോഡ് നിര്‍മ്മിക്കാനും സ്ഥലം കയ്യേറാനും ശ്രമിക്കുന്നതെന്നും വീട്ടമ്മ പരാതിപ്പെട്ടു.

എടക്കര സ്വദേശിയും റിട്ട. അധ്യാപികയുമായ ഗീതാകുമാരിയാണ് പി.വി.അൻവര്‍ എം,എല്‍.എക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീച്ചത്. പത്ത് സെന്‍റ് സ്ഥലത്താണ് ഗീതാകുമാരിയുടെ വീട്. എടക്കര ബൈപ്പാസ് റോഡ് നിര്‍മ്മിക്കാൻ ഈ സ്ഥലത്തിന്‍റെ ഒരു ഭാഗം വിട്ടുകൊടുക്കണമെന്നാണ് പി.വി.അൻവര്‍ ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപെടുന്നതെന്ന് ഗീതാകുമാരി പറയുന്നു. ഭൂമി കയ്യേറാൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഗീതാകുമാരി കോടതിയേയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ എടക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് എം.എല്‍.എയുടെ വിശദീകരണം.