പൊലീസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ പരാതി; വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

Jaihind Webdesk
Friday, January 27, 2023

കൊല്ലം: ഓച്ചിറയിൽ പൊലീസിനെതിരെ പരാതിയുമായി ആത്മഹത്യാകുറിപ്പ് എഴുതിയ ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിക്കുകയും കേസിൽ കുടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതി ഉയർത്തിയാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത്.  ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ്  വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ച പ്ലസ് വൺ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്കൂളിൽ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പുറത്തുണ്ടായ അടിപിടിക്കേസിൽ തങ്ങൾ നല്കിയ പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് വിദ്യാർത്ഥി ആത്മഹത്യ ശ്രമം നടത്തിയത്.

കഴിഞ്ഞ 23 ന് ഒരു സംഘം അക്രമികൾ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി എടുക്കാതെ
ഒത്തുതീർപ്പിന് ശ്രമിക്കുകയും അക്രമിച്ചവർ നൽകിയ പരാതിയിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അരോപിച്ചാണ് കുട്ടി ആത്മഹത്യ ശ്രമം നടത്തിയത്. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്.

 

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)