ആലപ്പുഴ : മന്ത്രി ജി സുധാകരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുൻ പേഴ്സണൽ സ്റ്റാഫിൻ്റെ ഭാര്യ നൽകിയ പരാതിയിൽ ആരോപണം തെളിയിക്കുന്ന വീഡിയോ ഹാജരാക്കാൻ പരാതിക്കാരിക്ക് പോലീസ് നിർദ്ദേശം. മന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വീഡിയോ ഹാജരാക്കാനാണ് പോലീസ് നിർദ്ദേശം. വിഷയം ചർച്ച ചെയ്യാന്‍ ഇന്നലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേർന്ന ലോക്കല്‍ കമ്മിറ്റി യോഗം അടിച്ചുപിരിഞ്ഞിരുന്നു.
സുധാകരന് ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശം നടത്തിയെന്നുമാണ് പരാതി. മന്ത്രി ജി സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ അമ്പലപ്പുഴ പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ജില്ലാ പോലീസ് മേധാവിക്ക് പുതിയ പരാതി നൽകിയത്. മന്ത്രിയും ഭാര്യയും ചേര്‍ന്ന് തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നതായും കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയതായും പരാതിയില്‍ ആരോപിച്ചു. ഈ പരാതിയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ പരാതി നല്‍കിയത്.
നേരത്തെ മന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഇവർ പറഞ്ഞിരുന്നു. പരാതി പിന്‍വലിച്ചെന്ന തരത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് പരാമർശത്തെ ഇവർ നിഷേധിക്കുകയും ചെയ്തു. പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്നും പരാതിക്കാരി വ്യക്തമാക്കി.