സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗത്തിനെതിരായ പരാതി ഒതുക്കി തീർക്കാൻ ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടൽ

Jaihind Webdesk
Sunday, March 24, 2019

സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗത്തിനെതിരായ വനിതാ കൗൺസിലറുടെ ഭർത്താവിന്‍റെ പരാതി ഒതുക്കി തീർക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ ഇടപെടൽ. പരാതിയുമായി മുന്നോട്ട് പോകരുതെന്നും നേതാവിനെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടപടിയെടുക്കാമെന്നുമാണ് ഉറപ്പ് നൽകിയിരിക്കുന്നത്.

ജില്ലാ കമ്മറ്റിയംഗവും സി പി എം ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് ജനപ്രതിനിധിയുടെ ഭർത്താവ് മുഖ്യമന്ത്രിയ്ക്കും സി പി എം ജില്ല കമ്മറ്റിയ്ക്കും സംസ്ഥാന കമ്മറ്റിയ്ക്കും പരാതി നൽകിയിട്ടുണ്ട്. തന്‍റെ വീട്ടിൽ നിരന്തരം സന്ദർശനം നടത്തുന്ന നേതാവിനെതിരെ അവിഹിത ബന്ധമാണ് പരാതിയിൽ ഉന്നയിക്കുന്നത്.  താൻ ഇല്ലാത്ത സമയങ്ങളിൽ നേതാവ് എത്തുന്നത് താക്കീത് നൽകിയിട്ടുള്ളതാണ്. എന്നാൽ ഇവരുടെ അവിഹിത ബന്ധം നേരിൽ കണ്ടതിനാൽ പാർട്ടി അംഗം കൂടിയായ താൻ നൽകുന്ന പരാതി ഗൗരവമായി കാണണമെന്നാണ് ഭർത്താവ് കത്തിൽ സൂചിപ്പിച്ചിരുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ പാർട്ടി നേതൃത്വം ഇദ്ദേഹത്തെ ബന്ധപ്പെടുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. വിവിധ സ്ഥലങ്ങളിൽ സി പി എം നേതാക്കൾക്കെതിരെ ലൈംഗികാരോപണം ഉയർന്നു വന്നതിനിടെയുണ്ടായ പുതിയ വിവാദം ആലപ്പുഴയിലെ സി പി എമ്മിൽ മാത്രമല്ല, സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. ആരോപണവിധേയനായ നേതാവാകട്ടെ നേരത്തേയും ഇത്തരം കേസിൽപ്പെട്ട് പാർട്ടിയിൽ നിന്നും നടപടിയ്ക്ക് വിധേയനായ ആളാണ്. അന്ന് പാർട്ടിയിലെ ഒരു ഗ്രൂപ്പിന്‍റെ ഭാഗമായി നിന്ന ഇദ്ദേഹത്തിന് പിന്നീട് പാർട്ടി നേതൃത്വം സംരക്ഷണം നൽകുകയായിരുന്നു.

teevandi enkile ennodu para