സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു പ​ണം കൈപ്പറ്റി; ആലത്തൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

തിരുവനന്തപുരം: ആലത്തൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി.കെ ബിജു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും പരസ്യമായി പണം സ്വീകരിച്ചതായും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് തെരഞ്ഞെടുപ്പ് ചെലവിനായി പണം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളടക്കം ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ് ശശികുമാറാണ് ഇന്നലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

സി.പി.എം നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍വകലാശാല ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ പി.കെ ബിജുവിന് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക സര്‍വകലാശാല ജീവനക്കാര്‍ക്കു വേണ്ടി കുസാറ്റിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൈമാറുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരില്‍ നിന്ന് പണം സ്വീകരിച്ചതും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സര്‍വകലാശാല ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും ശിക്ഷാര്‍ഹമാണ്. പെരുമാറ്റച്ചട്ടം ലംഘിച്ച പി.കെ ബിജുവിനും സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആര്‍.എസ് ശശികുമാര്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment