കണ്ണൂർ വിസിക്കെതിരെ വീണ്ടും പരാതി; കെപിസിടിഎ ഗവർണർക്ക് പരാതി നല്‍കി

Jaihind Webdesk
Thursday, August 25, 2022

കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് വീണ്ടും പരാതി. സര്‍വകലാശാല ചാൻസിലറായ ഗവർണർക്കെതിരെ സർവകലാശാലാ ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത് ചൂണ്ടിക്കാട്ടി കെപിസിടിഎയാണ് പരാതി നൽകിയത്.

ഗവർണറെ അധിക്ഷേപിക്കാൻ കണ്ണൂർ സർവകലാശാല വി.സി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ അനുമതി നൽകി എന്നാണ്പരാതി. സിൻഡിക്കേറ്റ് അംഗങ്ങളുടേയും സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ ഉൾപ്പടെയുള്ളവരുടെയും നേതൃത്വത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്.

ചാന്‍സിലര്‍ക്കെതിരായ പ്രതിഷേധപരിപാടി കണ്ണൂര്‍ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ വിസിക്കെതിരെ കെഎസ്‌യുവും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ്‌ പി മുഹമ്മദ്‌ ഷമ്മാസാണ് പരാതി നൽകിയത്.