യുഎഇയില്‍ തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസ സൗകര്യം നല്‍കാത്ത കമ്പനികള്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല; മുന്നറിയിപ്പുമായി മനുഷ്യ വിഭവശേഷി മന്ത്രാലയം

 

ദുബായ് : യുഎഇയില്‍ തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസ സൗകര്യം നല്‍കാത്ത കമ്പനികള്‍ക്ക് ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല. യുഎഇ മനുഷ്യ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യം നല്‍കുന്നതുവരെ ഇത്തരം കമ്പനികളുടെ ഫയല്‍ താല്‍ക്കാലികമായി മരവിപ്പിക്കും.

കൂടാതെ കമ്പനികള്‍ക്ക് എതിരെയുള്ള മനുഷ്യക്കടത്ത് ആരോപണവും ഗുരുതര നടപടിക്ക് കാരണമാകും. നിയമലംഘനം നടത്തിയ കമ്പനി നിരപരാധിത്വം തെളിയിക്കുന്നത് വരെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും. കുറ്റം തെളിഞ്ഞാല്‍ കമ്പനിക്കെതിരെ അന്തിമ വിധി വന്നതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് കൂടി പെര്‍മിറ്റ് സസ്‌പെന്‍ഷന്‍ തുടരും.

അതേസമയം മന്ത്രാലയത്തിന്‍റെ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കമ്പനികള്‍ക്ക് അനുവദിച്ച ഇലക്ട്രോണിക് അധികാരം ദുരുപയോഗം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടാലും കമ്പനികളുടെ ഫയല്‍ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments (0)
Add Comment