‘യാത്രയുടെ വന്‍ വിജയത്തില്‍ ബിജെപിക്കൊപ്പം കമ്യൂണിസ്റ്റ് സഖാക്കള്‍ക്കും അസ്വസ്ഥത’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Monday, September 19, 2022

 

ആലപ്പുഴ/കണിച്ചുകുളങ്ങര: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തില്‍ ബിജെപിക്കും സംഘപരിവാറിനുമൊപ്പം ചില കമ്യൂണിസ്റ്റ് സഖാക്കള്‍ക്കും അസ്വസ്ഥതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ജാഥയുടെ വന്‍ ജനസ്വീകാര്യതയില്‍ അസൂയ പൂണ്ടാണ് ഗവർണർ-സർക്കാർ പോരാട്ട നാടകമെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ നാടകം കളിച്ചാലും ഭാരത് ജോഡോ പദയാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാവില്ലെന്നും കെ.സി വേണുഗോപാല്‍ എംപി വ്യക്തമാക്കി.

“കോൺഗ്രസിന്‍റെ രാഷ്ട്രീയ എതിരാളികളെ അദ്ഭുതപ്പെടുത്തി ജനമനസിൽ ഇരമ്പം സൃഷ്ടിച്ചാണ് ജാഥ മുന്നോട്ടുപോകുന്നത്. ബിജെപിക്കും സംഘപരിവാറിനും അസ്വസ്ഥതയുണ്ടാകുന്നു. ചില കമ്യൂണിസ്റ്റ് സഖാക്കള്‍ക്കും ഈ ജാഥ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ജാഥയുടെ വൻ വിജയം കണ്ട് അസൂയ പൂണ്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇല്ലാത്ത ഗവർണർ സർക്കാർ പോര് നാടകം നടത്തുന്നത്. മുഖ്യമന്ത്രിയുടെ പിന്നാലെ നടന്ന് ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നു കേരള ഗവർണർ. ഗവർണറെ കണ്ടാൽ കവാത്ത് മറക്കുന്ന ആളായിരുന്നു മുഖ്യമന്ത്രി. യാത്രയുടെ ജനസ്വീകാര്യതയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഇത്തരം നീക്കങ്ങൾ വിലപ്പോവില്ല” – കെ.സി വേണുഗോപാല്‍എംപി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ജാഥയുടെ മൂന്നാം ദിവസത്തെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര ഇന്ന് പന്ത്രണ്ട് ദിവസം പൂര്‍ത്തിയാക്കി. നാളെയും യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരും.