‘സാധാരണക്കാരുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമേയല്ല’; എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിൽ സർക്കാർ പ്രതികരിച്ചത് വെറും ലാഘവത്തോടെയെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Monday, September 30, 2024

 

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയിട്ടും സർക്കാർ പ്രതികരിച്ചത് ലാഘവത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാധാരണക്കാരുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമെയല്ല. ആശുപത്രിയിൽ മൂന്ന് മണിക്കൂറിലധികം സമയമാണ് വൈദുതി മുടങ്ങിയത്. എസ്.എ.ടി പോലെ സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്ന ആശുപത്രി ഇരുട്ടിലായിട്ടും സർക്കാർ ലാഘവത്തോടെയാണ് പ്രതികരിച്ചതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് മണിക്കൂറുൾക്ക് ശേഷം താൽക്കാലികമായി വൈദ്യുതി പുന:സ്ഥപ്പിച്ചത്. എന്നാൽ വൈദ്യുതി ഇല്ലാതായിട്ടും അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണികളും നവജാത ശിശുക്കളും ഉൾപ്പെടെയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയാറാകാതിരുന്നത് അദ്ഭുതകരമാണ്.

ജനങ്ങളുടെ ജീവൻ സർക്കാരിന് ഒരു പ്രശ്നമെ അല്ലെന്നു വ്യക്തമാക്കുന്ന സംഭവമാണ് എസ്.എ.ടിയിൽ നടന്നത്. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വൈദ്യുതി മുടക്കത്തെ തുടർന്ന് പ്രതിഷേധിച്ച രോഗികളുടെ ബന്ധുക്കളേയും കൂട്ടിരിപ്പുകാരേയും പോലിസ് കയ്യേറ്റം ചെയ്തെന്ന് പരാതിയുണ്ട് . ഇക്കാര്യത്തിലും ഉചിതമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉഗ്രസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.