വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി

Jaihind News Bureau
Tuesday, October 15, 2019

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് ബൂത്തുകളിൽ ഉപയോഗിക്കേണ്ട വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി. വോട്ടിംഗ് മെഷീനുകളിൽ ബാലറ്റ് പതിക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. 168 ബൂത്തുകളിലും ഉപയോഗിക്കാനുള്ള മെഷീനുകളിൽ ബാലറ്റ് പതിച്ചശേഷം പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. ഇവ ഒക്ടോബർ 20ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.

ഉപതെരഞ്ഞെടുപ്പിനുള്ള മെഷീനുകളുടെ വിതരണവും, വോട്ടെണ്ണലും നടക്കുന്ന പട്ടം സെന്‍റ്‌മേരീസിൽ ശക്തമായ സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രപോലീസ്, ആംഡ് ബറ്റാലിയൻ, കേരളപോലീസ് എന്നിവയുടെ ത്രിതല സുരക്ഷാവലയത്തിലാണ് സ്‌കൂൾ പരിസരം. മണ്ഡലത്തിലെ 48 സെൻസിറ്റീവ് ബൂത്തുകളിൽ 37 എണ്ണത്തിൽ വെബ്കാസ്റ്റിംഗ് നടത്തും. 11 എണ്ണത്തിൽ മൈക്രോ ഒബ്‌സർവർമാരെ നിയോഗിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം 16,17,18 തീയതികളിൽ നടക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാൾ, ഫോറസ്റ്റ് ഹെഡ്‌ക്വോർട്ടേഴ്‌സിലെ വനശ്രീ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിശീലനം. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്‌ക്വാഡുകൾ, പൊതുസ്ഥലത്തെ നിയമവിരുദ്ധ പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫെയ്‌സ്‌മെന്റ് ടീം, പണം, മയക്കുമരുന്ന് എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കുന്ന സർവയലൻസ് ടീം എന്നിവ മണ്ഡലത്തിൽ മുഴുവൻസമയ നിരീക്ഷണം നടത്തുന്നുണ്ട്.