നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ല ; വ്യത്യസ്ത അഭിപ്രായം പറയേണ്ടത് പാർട്ടി വേദികളില്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, August 23, 2020

MullappallyRamachandran

 

കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുവിധം പരസ്യമായ പ്രസ്താവനകള്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കോണ്‍ഗ്രസിന്‍റെ അന്തസിന് ചേര്‍ന്നതല്ലെന്നും അത് കോണ്‍ഗ്രസിന്‍റെ ശൈലിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസിന്‍റെ പൈതൃകവും ആദര്‍ശവും ജനാധിപത്യബോധവും ഉള്‍ക്കൊള്ളുന്ന കറകളഞ്ഞ മതനിരപേക്ഷവാദിയായ രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള നേതാവിനെയാണ് പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്ക് ആവശ്യം. ഇന്ത്യന്‍ ഫാസിസ്റ്റുകളുമായി നേരിട്ടുള്ള പോരാട്ടമാണ് രാജ്യം ആഗ്രഹിക്കുന്നത്. മോദി സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ഇന്ത്യയിലെ ഏകനേതാവ് രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധിയുടെ സത്യസന്ധതയും അഴിമതിക്കെതിരായി പാര്‍ട്ടിക്കുള്ളിലും പുറത്തും എടുക്കുന്ന നിലപാടും പൂര്‍ണ്ണമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടക്കുമ്പോള്‍ അവരുമായി നേരിട്ടുപോരാട്ടം നടത്തുന്നവരെയാണ് കോണ്‍ഗ്രസിന് ആവശ്യം. ഒട്ടേറെ ‘ഇലപൊഴിയും കാലം’ കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ അടിവേരുകള്‍ ജനഹൃദയങ്ങളിലാണെന്നും അത് പിഴുതെറിയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് ഒരു സംസ്‌കാരവും ജീവിത ശൈലിയുമാണ്. അത് പിന്തുടരുന്നവര്‍ക്ക് മാത്രമേ ധീരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ വേണമെന്ന കെ.പി.സി.സിയുടെ അഭിപ്രായം നേതൃത്വത്തെ പല ഘട്ടത്തില്‍ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണ് കെ.പി.സി.സിക്കുള്ളത്. ഒന്നും പ്രതീക്ഷിക്കാതെ ഈ പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച കോടിക്കണക്കായ ജനങ്ങളുണ്ട്. അവരുടെ വികാരത്തെ മുറിപ്പെടുത്തുന്നത് ആരായാലും ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.