‘വരൂ, നമുക്ക് ഒന്നിച്ച് നടക്കാം’; പ്രവര്‍ത്തകരോട് ഖാർഗെയുടെ വാക്കുകള്‍

 

ന്യൂഡല്‍ഹി: ഒരു സാധാരണ പ്രവർത്തകനായ കർഷകന്‍റെ മകനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് നന്ദിയെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോൺഗ്രസ് മുക്തഭാരതം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഖാർഗെ ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലായിടത്തും എത്തിക്കാനും ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂർത്തം ആയിരുന്നു ഇന്ന്. അധ്യക്ഷനായി ചുമതലയേറ്റ ശേഷം മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു സാധാരണ പ്രവർത്തകനായ കർഷകന്‍റെ മകനെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് ഏവർക്കും നന്ദി അർപ്പിച്ചു കൊണ്ടായിരുന്നു ഖാർഗെ തന്‍റെ പ്രസംഗം ആരംഭിച്ചത്. പാർട്ടിയെ തന്‍റെ പരമാവധി കഴിവ് ഉപയോഗിച്ച് മുന്നോട്ട് നയിക്കുമെന്ന് കോൺഗ്രസിന്‍റെ മുൻകാല അധ്യക്ഷന്മാരെ സാക്ഷി നിർത്തി വാക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംബേദ്കറിന്‍റെ ഭരണഘടനയ്ക്കായി പോരാടണം. സാധ്യമായതെല്ലാം ചെയ്യും. രാജ്യത്ത് വിദ്വേഷത്തിന്‍റെയും ജനാധിപത്യ വിരുദ്ധതയുടെയും ഭരണം അവസാനിപ്പിക്കും. സോണിയാ ഗാന്ധി സത്യത്തിന്‍റെ വഴിയേ സഞ്ചരിച്ചു. അധികാര രാഷ്ട്രീയത്തിന് വഴങ്ങിയിട്ടില്ല. വരൂ ഒന്നിച്ച് നടക്കാമെന്ന് ഖാര്‍ഗെ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും രാഹുൽ ഗാന്ധി ജനങ്ങളുമായി ആശയവിനിമയം നടത്തുകയാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബിജെപിക്കെതിരെയും രൂക്ഷവിമർശനനങ്ങളാണ് ഖാർഗെ ഉന്നയിച്ചത്. പ്രതിപക്ഷ മുക്തമെന്നത് ആർഎസ്എസ് ലക്ഷ്യമാണെന്ന് പറഞ്ഞ ഖാര്‍ഗെ കോൺഗ്രസ് മുക്തഭാരതം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ഖാര്‍ഗെയ്ക്ക് ആശംസകള്‍ നേര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

Comments (0)
Add Comment