കോളേജ് ഹോസ്റ്റലുകൾ സദാചാര വിചാരണ കേന്ദ്രങ്ങളായി മാറുന്നു; സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കണം; കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം

Thursday, June 8, 2023

 

അമല്‍ ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം അതീവ ഗൗരവകരമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം. മാനേജ്മെന്‍റിന്‍റെയും ഹോസ്റ്റൽ അധികാരികളുടെയും മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും അജാസ് കുഴല്‍മന്ദം പറഞ്ഞു.

കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ നിലപാട് ഇത്തരം പ്രവർത്തനങ്ങള്‍ക്ക് പ്രോത്സാഹനം നൽകുന്നതിനു തുല്യമാണ്. കേരളത്തിലെ ഭൂരിഭാഗം കോളേജ് ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കൈകടത്തി അസഭ്യം നിറഞ്ഞ ഭാഷയിൽ മറ്റുള്ളവരുടെ മുന്നിൽ പോലും അപമാനിക്കുന്ന നടപടിയാണ് ഹോസ്റ്റൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇനിയെങ്കിലും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഹോസ്റ്റലുകൾ സദാചാര വിചാരണ കേന്ദ്രങ്ങളായി മാറുമെന്നും ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ ഇനിയും ശ്രദ്ധമാരെ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും അജാസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.